ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 2300 രോഗികള്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹമാസ് ആശുപത്രി കവചമാക്കുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. അല്‍ഷിഫ ആശുപത്രിക്ക് നേരെയുള്ള ആക്രമണം രൂക്ഷമാക്കിയതോടെ ഇസ്രയേലിനെതിരെ അതിരൂക്ഷവിമര്‍ശനമുന്നയിക്കുകയാണ് ലോകരാജ്യങ്ങള്‍ .
യുദ്ധത്തില്‍ പരിക്കേറ്റ ആയിരക്കണക്കിന് പലസ്തീന്‍ സ്വദേശികള്‍ക്ക് അഭയം നല്‍കിയ അല്‍ ഷിഫയ്ക്ക് നേരെയുണ്ടായ ആക്രമണം യുദ്ധകുറ്റമാണെന്നാണ് വിമർശിക്കുന്നത്. ആശുപത്രിക്കകത്ത് ഹമാസിനെതിരെയുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ആശുപത്രി അധികൃതര്‍ക്ക് 12 മണിക്കൂര്‍ സാവകാശം നല്‍കിയിരുന്നുവെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പകാരം 2300 പേര്‍ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. 36 നവജാതശിശുക്കളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരെ സുരക്ഷിതമായി മാറ്റാനുള്ള സംവിധാനം പോലും ആശുപത്രിയിലില്ല.
ഇസ്രയേല്‍ സഹായമില്ലാതെ ഇന്‍കുബേറ്റര്‍ ഇല്ലാതെ ഇത് സാധ്യമല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇസ്രയേലും അമേരിക്കയും ആശുപത്രി മറയാക്കിയാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെന്നാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ അല്‍ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജോ ബൈഡനാണെന്നാണ് ഹമാസ് ആരോപിക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ പോലും ഒന്നും അവശേഷിപ്പിക്കാതെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാതെ മുറിവ് തുന്നാന്‍ അനസ്‌തേഷ്യ പോലും നല്‍കാനാകാതെ വേദനിക്കുകയാണ് അല്‍ഷിഫ ആശുപത്രിയിലെ രോഗികള്‍.