അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മലയാളി ഉള്‍പ്പെടെ 20 പേരാണ് അവയവക്കടത്തിന് ഇരയായത്. അവയവ ദാതാക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമ്പോള്‍ അഞ്ച് ലക്ഷം രൂപ താന്‍ കമ്മിഷനായി കൈപ്പറ്റിയിരുന്നു എന്നാണ് പ്രതി സബിത്തിന്റെ മൊഴി.
പാലക്കാട് സ്വദേശിയായ മലയാളി ഉള്‍പ്പെടെ, മനുഷ്യക്കടത്തിനും അവയവക്കച്ചവടത്തിനും ഇരയായ 20 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. 19 പേര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണ്. കൂടുതല്‍ പേര്‍ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ദാതാവ് ആകാന്‍ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവില്‍ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസര്‍ പൊലീസിനോട് പറയുന്നത്. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയിലാണ് വൃക്ക മാറ്റി വയ്ക്കല്‍ നടപടികള്‍ നടത്തിയിരുന്നത് എന്ന പ്രതി മൊഴി നല്‍കി.
വലിയ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആളുകളെ ഇറാനിലെത്തിക്കുന്ന സബിത്ത് പിന്നീട് അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്‍കി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. കൊച്ചി സ്വദേശിയായ യുവാവിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിയേയും എന്‍ഐഎ ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കും