തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളി–ചെന്നൈ താംബരം ഓണം സ്പെഷൽ ട്രെയിൻ (06153) പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. താംബരത്തുനിന്നു ഞായറാഴ്ചകളിൽ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 1.40ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (06154) തിങ്കളാഴ്ചകളിൽ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും.
തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച (16ന്) ചെന്നൈയിലേക്കു മടങ്ങാൻ മറ്റു ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തവർക്ക് ഈ ട്രെയിൻ ഉപയോഗിക്കാം. 14 തേഡ് എസി കോച്ചുകളുള്ള സ്പെഷൽ ട്രെയിനിൽ 600ൽ അധികം സീറ്റുകൾ ബുക്കിങ്ങിന് ലഭ്യമാണ്. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകൾ. ചെങ്കോട്ട, മധുര, തിരുച്ചിറുപ്പള്ളി, വില്ലുപുരം വഴിയാണു സർവീസ്.