സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാനതർക്കം വീണ്ടും രൂക്ഷമാകുന്നു. അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെൻ്റ് മേരീസ് ബസലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രുസ് താഴത്ത് പള്ളി വികാരി ഫാ. ആൻ്റണി നരികുളത്തിന് കത്ത് മുഖേന അന്ത്യശാസനം നൽകിയിരിക്കുകയാണ്.
ജൂലൈ 2ന് മുൻപ് നിനഡ് നിർദ്ദേശിക്കുന്ന കുർബാന അർപ്പണം നടത്തണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. പാരിഷ് കൗൺസിലിൻ്റെ തീരുമാനത്തിന് നിയമസാധുത ഇല്ലെന്നും സിനഡ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കാനൻ നിയമ പ്രകാരം നടപടി എടുക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ സിനഡാനന്തര വാർത്താക്കുറുപ്പിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നത് വരെ ബസലിക്കയിൽ കുർബാന നടത്തരുതെന്നായിരുന്നു പറഞ്ഞത്. എന്നാൽ മറ്റ് ആരാധനകൾ നടത്താമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ കത്ത് പുറത്തു വന്നിരിക്കുന്നത്.