മുംബൈ: കാണാതായ യുവതി ശരീരമാസകലം മുറിവുകളോടെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ടനിലയില്‍. നവിമുംബൈ ഊരണ്‍ സ്വദേശിനി യശശ്രീ ഷിന്ദേ(20)യെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഊരണ്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ കാമുകനാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
വീട്ടില്‍നിന്ന് 25 കിലോമീറ്ററോളം അകലെയുള്ള ബേലാപുരിലാണ് യുവതി ജോലിചെയ്തിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ കാമുകനെയും കാണാനില്ലെന്ന് വ്യക്തമായിരുന്നു. പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.