കൊച്ചി:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ സിഡ്‌കോയുടെ പ്രഥമ വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. സഹകരണ രജിസ്ട്രാറും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുമായ ടി വി സുഭാഷ് ഐ എ എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ 24 ന്യൂസ് എംഡിയും ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ മുഖ്യാതിഥി ആയിരുന്നു.
സിഡ്കോ അംഗങ്ങളുടെ ഉന്നത വിജയം കരസ്ഥമാക്കിയ മക്കൾക്കുള്ള പ്രഥമ വിദ്യാഭ്യാസ പുരസ്ക്കാര വിതരണമാണ് കൊച്ചി സി ഒ എ ഭവനിൽ നടന്നത്. കാഷ് പ്രൈസും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിഭാഗങ്ങളിലായി 85 വിദ്യാർത്ഥികൾ പുരസ്ക്കാരത്തിന് അർഹരായി. ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടപെടണമെന്ന് ടിവി സുഭാഷ് ഐ എ എസ് ചടങ്ങിൽ പറഞ്ഞു. പണ്ട് ശുചി മുറികളിൽ എഴുതിയിരുന്നവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എഴുതുന്നു. എന്നാൽ ഇതിന് ഇരയാകുന്നവരുടെ മാനസികാവസ്ഥ ആരും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകിയത് ഇപ്പോൾ അപകടകരമായി മാറിയിട്ടുണ്ടെന്ന് ആർ ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെട്ടു. കുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കുന്ന ഒന്നും ഇപ്പോൾ ഇല്ല. പാഠഭാഗങ്ങൾ പൊളിച്ച് എഴുതേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു.
സിഡ്കോ പ്രസിഡൻ്റ് വിജയകൃഷ്ണൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡ്കോ ഡയറക്ടർ ബിനു ശിവദാസ് സ്വാഗതം പറഞ്ഞു. സി ഒ എ പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ്, സി ഒ എ ട്രഷറർ സിബി പിഎസ്, കെ സി സി എൽ ചെയർമാൻ കെ ഗോവിന്ദൻ ,കേരള വിഷൻ ചാനൽ ചെയർമാൻ എം രാജ്മോഹൻ, കേരള വിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രജേഷ് അച്ചാണ്ടി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി ആര്‍ സുധീര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. സിഡ്കോ സെക്രട്ടറി പത്മകുമാർ ആർ നന്ദി പറഞ്ഞു.