ബംഗ്ലാദേശില്‍ ക്വാട്ട സംവരണ വിരുദ്ധ സമരം ഒരു മാസത്തിന് ശേഷം വീണ്ടും പ്രക്ഷുബ്ധം. ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ വിമോചന സമരങ്ങളില്‍ പങ്കെടുത്തവരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം പുനസ്ഥാപിച്ചതാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. 2018-ല്‍ പിന്‍വലിച്ച സംവരണം, വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
രാജ്യത്തിന്റെ വിവിധയിടങ്ങില്‍ പൊലീസും പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ 200-ലധികം പേര്‍ കൊല്ലപ്പെട്ടു. ജൂണില്‍ ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് സംവരണ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഒരു മാസത്തിന് ശേഷം രാജ്യത്ത് വീണ്ടും പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ പ്രതിഷേധത്തിനിടെ സമരക്കാരും ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70-ലധികം പേര്‍ കൊല്ലപ്പെട്ടു. കലാപത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധിക്കുന്നവര്‍ വിദ്യാര്‍ത്ഥികളല്ല, തീവ്രവാദികളെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിലപാട്. പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ഇന്ത്യക്കാര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി.
സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാര പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഓഫീസുമായി ബന്ധപ്പെടാനാണ് നിര്‍ദേശം. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പരും അധികൃതര്‍ നല്‍കിയിട്ടുണ്ട്.