അലഹാബാദ്: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നേതൃത്വത്തില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി. സര്‍വേയ്‌ക്കെതിരെ അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരാണസി ജില്ലാ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുഴിച്ചു പരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നത് പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം.
നേരത്തെ സര്‍വേ നടത്താനുള്ള ഉത്തരവ് തടഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോടു നിര്‍ദേശിക്കുകയായിരുന്നു.