വംശനാശം സംഭവിച്ച മാമ്മത്തുകളെ 2028ഓടെ പുനര്‍ജീവിപ്പിക്കാനാകുമെന്ന് അമേരിക്കന്‍ കമ്പനിയായ കൊളോസ്സല്‍ ബയോസയന്‍സസ്. ഹോളിവുഡ് നടനായ ക്രിസ് ഹെമ്സ് വോര്‍ത്ത് പങ്കാളിയായ കമ്പനിയാണ് മാമ്മത്തടക്കം വംശനാശം സംഭവിച്ച മൃഗങ്ങളെ തിരികെയെത്തിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.
മാമ്മത്തിനെപ്പോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വംശനാശം സംഭവിച്ച നിരവധി ജീവജാലങ്ങളെ തിരിച്ച് കൊണ്ടുവരുന്ന പ്രക്രിയയിലാണ് കൊളോസ്സല്‍ ബയോസയന്‍സസ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശമറ്റ ഹിമയുഗഭീമന്‍മാരായ വൂളന്‍ മാമ്മത്ത് അഥവാ കമ്പിളി മാമ്മത്താണ് പട്ടികയില്‍ പ്രമുഖന്‍.
മാമ്മത്തകള്‍ക്ക് ശേഷം വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെയും ടാസ്മാനിയന്‍ കടുവയേയുമെല്ലാം തിരികെകൊണ്ടുവരാനുള്ള നീക്കങ്ങളും കമ്പനി നടത്തുന്നുണ്ട്. പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും 2028ഓടെ മാമ്മത്ത് വീണ്ടും ഭൂമിയില്‍ ജനിക്കുമെന്നും കമ്പനി സി.ഇ.ഓ ബെന്‍ ലാം പറഞ്ഞു. പരീക്ഷണങ്ങല്‍ക്കായി 235 മില്ല്യണ്‍ ഡോളറോളം കമ്പനി സമാഹരിച്ചിട്ടുണ്ട്.
ഹോളിവുഡ് താരങ്ങളായ ക്രിസ് ഹെംസ് വോര്‍ത്തിന്റെയും പാരിസ് ഹില്‍ട്ടന്റെയും പങ്കാളിത്തം കമ്പനിയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ വലിയരീതിയില്‍ കൊളോസ്സല്‍ ബയോസയന്‍സസിന് മറ്റ് കമ്പനികളുടെ ഭാഗത്ത് നിന്നും ധനസഹായം ലഭിക്കുന്നതായും വിവരമുണ്ട്.
നിലവിലുള്ള ഏഷ്യന്‍ ആനകളില്‍ കമ്പിളി മാമ്മത്തുകളുടെ 99 ശതമാനം ജീനുകള്‍ ഉണ്ടെന്നുള്ളത് ഗവേഷകരില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്. മാമ്മത്തിനെയാണ് ആദ്യമെത്തിക്കാന്‍ ശ്രമിക്കുന്നതെങ്കിലും മാമ്മത്തുകള്‍ക്ക് 22 മാസമാണ് ഗര്‍ഭകാലമെന്നത് ഈ വരവിന് കാലതാമസമെടുക്കാമെന്നും ചിലപ്പോള്‍ മാമ്മത്തുകള്‍ വരുംമുന്‍പേ ഡോഡോയും ടാസ്മാനിയന്‍ കടുവയെല്ലാം പുനര്‍ജനിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
എന്തായാലും മാമ്മത്തുകളുടെ തിരിച്ചുവരവ് പരിസ്ഥിതിസംരക്ഷണത്തിന് ആക്കം കൂട്ടുമെന്നും ധ്രുവപ്രദേശങ്ങളുടെ നിലനില്‍പ്പിനെ സംബന്ധിച്ച ആശങ്കകള്‍ക്ക് ശമനമുണ്ടാകുമെന്നുമാണ് കമ്പനിയുടെ നിഗമനം.