Share this Article
കള്ളക്കുറിച്ചി വിഷമദ്യദുരന്തം; മരണസംഖ്യ 56 ആയി
kallakurichi spurious liquor tragedy ;The death toll stands at 56

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. ഇതോടെ മരണസംഖ്യ 56 ആയി. അതേസമയം വിഷമദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ പ്രധാന വിതരണക്കാരനായ മാധേഷ് വാങ്ങിയത് മറ്റൊരാളുടെ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ചാണെന്ന് സിബിസിഐഡി സംഘം കണ്ടെത്തി. 

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നത് ആശങ്ക പടര്‍ത്തുകയാണ്. കള്ളകുറിച്ചി ജില്ലാ കലക്ട്രേറ്റില്‍ നിന്നുള്ള വിവരമനുസരിച്ച് വ്യാജ മദ്യം കഴിച്ച് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലായി 216 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം വിഷമദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ പ്രധാന വിതരണക്കാരനായ മാധേഷ് വാങ്ങിയത് മറ്റൊരാളുടെ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ചാണെന്ന് സിബിസിഐഡി സംഘം കണ്ടെത്തി. വ്യാജമദ്യം വാറ്റിയപ്പോഴുള്ള അനുപാതം തെറ്റിയതും പഴകിയ മെഥനോള്‍ ഉപയോഗിച്ചതുമാണ് ഇത്ര വലിയ ദുരന്തത്തിന് വഴി വച്ചതെന്നാണ് മദ്യസാമ്പിള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്.

പരിശോധനയില്ലാതെ ഇത്രയധികം മെഥനോള്‍ ചെക്ക് പോസ്റ്റിലൂടെ കടത്താനാകില്ലെന്ന് ഉറപ്പിച്ച പൊലീസ് വീപ്പകള്‍ കൊണ്ട് വന്ന ദിവസത്തെ ചെക്ക് പോസ്റ്റ് രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രധാന വിതരണക്കാരനായ മാധേഷ് ഉപയോഗിച്ചത് മറ്റൊരാളുടെ ജിഎസ്ടി നമ്പര്‍ ആണെന്ന് വ്യക്തമായത്. അതേസമയം ദുരന്തത്തെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി ഗോകുല്‍ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജസ്റ്റിസ് ഗോകുല്‍ദാസ് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories