Share this Article
അതിശക്തമായ മഴ, ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി; ദൗത്യം നാളെ പൂര്‍ത്തിയാകും
വെബ് ടീം
posted on 24-07-2024
1 min read
karnataka-landslide-arjun-search-update

ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. മൂന്നു ബോട്ടുകളിലായി 18 പേരാണ് ആദ്യം ലോറിക്കരികിലേക്ക് പോയത്. കരയില്‍ നിന്നും 20മീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്.

ദൗത്യം നാളെ പൂര്‍ണമാകുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ മാധ്യമങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണ്. അര്‍ജുനെ നാളെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മഴയും കാറ്റുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത്. ഗംഗാവലിയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു.

ലോറി ഉയര്‍ത്തുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാനാണ് നാവികസേനയും കരസേനയും തയ്യാറാക്കിയിരിക്കുന്നത്. അര്‍ജുന്‍ ക്യാബനില്‍ ഉണ്ടെയെന്ന കണ്ടെത്തലാണ്. അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. ഡ്രോണ്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ നാളെ എത്തും. കൂത്തൊഴിക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തും തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും.

ലോറി ഉണ്ടെന്ന് ഉറപ്പിച്ചതിനു ശേഷമാണ് നാവിക സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് അടങ്ങുന്ന സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ലോറി പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോള്‍ വ്യക്തതയില്ല. തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും മണ്ണ് മാറ്റുന്നത് തുടരുകയാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിനു മുകളിലുണ്ടെന്നതില്‍ വ്യക്തതയില്ല.

ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ലോറിയുടെ സാന്നിധ്യം കണ്ടെത്തിയത്. എപ്പേള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന രീതിയിലുളള മണ്ണുളള വലിയ മലകളുളള പ്രദേശത്താണ് ഷിരൂരില്‍ അപകടം നടന്നത്. മണ്ണിടിച്ചിലിന് അടക്കം സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതയിലാണ് തിരച്ചില്‍ നടപടികള്‍.

16ന് രാവിലെയാണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്. റഡാര്‍ പരിശോധനയില്‍ പുഴയില്‍നിന്ന് ചില സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories