തിരുവനന്തപുരം: കേരളവർമ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേയ്ക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസുമായുള്ള സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. കെ എസ് യുവിന്റെ ആറ് പ്രവർത്തകർ കസ്റ്റഡിയിലാണ്. കെ എസ് യു നേതാവ് അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചുവെന്നും അകാരണമായി കസ്റ്റഡിയിൽ എടുത്തുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. അഭിജിത്തിനെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.പാളയം- ബേക്കറി ജംഗ്ഷൻ പൂർണമായും സ്തംഭിച്ച നിലയിലാണ്. മൂന്ന് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.