Share this Article
image
കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ ഇനി ഓണ്‍ലൈന്‍ വഴി; അറിയേണ്ടതെല്ലാം
വെബ് ടീം
posted on 29-05-2024
1 min read
ksrtc-student-concession-now-online


തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.

രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു മെസ്സേജ് വരുന്നതാണ്.

പ്രസ്തുത അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്എംഎസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭ്യമാകുന്നതാണ്. തുക അടക്കേണ്ട നിര്‍ദ്ദേശം ലഭ്യമായാല്‍ ഉടന്‍ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്.ഏത് ദിവസം നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് എസ്എംഎസ് വഴി അറിയാവുന്നതാണ്. വിദ്യാര്‍ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയിരിക്കുന്ന യൂസര്‍നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി പ്രസ്തുത വെബ്‌സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. കെഎസ്ആര്‍യിസി യിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളുന്നതാണ്.

സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ രണ്ടാം തീയതിക്ക് മുന്‍പ് https://www.concessionksrtc.com എന്ന വെബ്‌സൈറ്റില്‍ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മൂന്നുമാസമാണ് സ്റ്റുഡന്‍സ് കണ്‍സഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആര്‍ടിസി സ്റ്റുഡന്റ്‌സ് കണ്‍സഷനും RFID സംവിധാനത്തിലേക്ക് മാറുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories