Share this Article
ലാവലിന്‍ ഇടപാടില്‍ പണമുണ്ടാക്കിയത് പിണറായി അല്ല,പാർട്ടിയാണെന്നാണ് വിവരം : കെ സുധാകരന്‍
വെബ് ടീം
posted on 08-11-2023
1 min read
K SUDHAKARAN ON LAVALIN CASE

തൃശൂർ: ലാവലിന്‍ ഇടപാടില്‍ തനിക്ക് കിട്ടിയ പണം പിണറായി വിജയന്‍ പാര്‍ട്ടിക്ക് നല്‍കിയെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതില്‍ കുറച്ചു കാശൊക്കെ പിണറായി വിജയന്‍ തട്ടിയെടുത്തിട്ടുണ്ടാകും. ഇപ്പോള്‍ പിണറായിക്ക് പണം പണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു. 

തൃശൂരില്‍ ഡിസിസി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ പ്രസംഗം ഇങ്ങനെ...

'പിണറായി വിജയന്‍ എന്റെ നാട്ടുകാരന്‍. എന്റെ കോളജ് മേറ്റ്. പക്ഷെ പണ്ടൊന്നും അദ്ദേഹം ഇങ്ങനെയൊന്നുമായിരുന്നില്ല കെട്ടോ. ഇത്ര മോശമായിട്ടില്ല. ലാവലിന്‍ കേസൊക്കെ അദ്ദേഹം അടിച്ച് പണം ഉണ്ടാക്കിയെങ്കിലും ആ പണമൊക്കെ പാര്‍ട്ടിക്കാണ് കൊടുത്തതെന്നാണ് എനിക്ക് കിട്ടിയ വിവരം. 

ചെറിയ പൈസയൊക്കെ പുള്ളി തട്ടിക്കൊണ്ടുപോയിട്ടുണ്ടാകും. പക്ഷെ ഇതുപോലെയൊരു അഴിമതി നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന്റെ ചരിത്രത്തിലില്ല. ഒരു ലക്ഷ്യം മാത്രം, പണം..പണം...പണം...പണം. ഏതുവഴിയിലൂടെ വന്നാലും പണം വേണം. എന്തു പ്രവൃത്തി നടന്നാലും പണം വേണം. ഏതു പുരോഗതി വന്നാലും എനിക്ക് പണം കിട്ടണം എന്നാണ്. പണമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം'. കെ സുധാകരന്‍ പറഞ്ഞു. 

ലാവലിന്‍ കേസില്‍ വിധി പറയരുതെന്ന് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. കേസില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ സംഘടനാശേഷി ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. നിലവിലെ സംഘടനാശേഷി കൊണ്ട് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആകില്ല. രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും കെ സുധാകരന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories