വാഷിങ്ടണ്‍: ഓമന മൃഗങ്ങൾ ഉണ്ടാക്കുന്ന കുരുത്തക്കേടുകളും കുസൃതികളും ധാരാളമാണ്. ചിലപ്പോഴേക്കെ അവർ കാണിച്ചുകൂട്ടുന്ന അബദ്ധങ്ങൾ മറ്റുള്ളവർക്ക് അപകടങ്ങളും ആയി മാറാറുണ്ട്. രണ്ട് നായകളും ഒരു പൂച്ചയും ഇരിക്കുന്ന മുറിയിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ വളർത്തുനായ ഒരു ബാറ്ററി കടിക്കുന്നതും തുടർന്ന് ബാറ്ററിയിൽ നിന്ന് തീ ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. അധികം വൈകാതെ തീ ആളിപ്പടരുകയും വലിയ അഗ്നിബാധയാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീടിനുള്ളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ 36 സെക്കന്റ് മാത്രമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തല്‍സ ഫയര്‍ ഡിപാര്‍ട്ട്മെന്റ് പങ്കുവെച്ച വീഡിയോ കോളിന്‍ റഗ്ഗ് എന്ന വ്യക്തിയാണ് എക്സില്‍ ഷെയര്‍ ചെയ്തത്. രണ്ട് നായകളും ഒരു പൂച്ചയുമാണ് വീഡിയോയിലുള്ളത്. നായകളിലൊന്ന് ബാറ്ററി കടിക്കുന്നതും നിമിഷങ്ങള്‍ക്കകം അത് പൊട്ടിത്തെറിച്ച് വീടിനു തീപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. തീപടർന്നതോടെ നായ ഓടിരക്ഷപ്പെടുന്നതും, പിന്നീട് തീപടരുന്നത് നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.