ആംബുലന്‍സുകള്‍ കാരണം ഉണ്ടാകുന്ന വാഹന അപകടങ്ങള്‍ ഗൗരവതരമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞവര്‍ഷം മാത്രം 150 ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെട്ടു. ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചില്‍ മറ്റനേകം ജീവനുകള്‍ക്ക് ഭീഷണിയാകരുതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
2023 ല്‍ 150 ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ 29 പേര്‍ മരിക്കുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. അടുത്തിടെ ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വളരെ വലിയ അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാനും അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുമാണ് വേഗപരിധി മറികടന്നും വണ്‍വേ തെറ്റിച്ചും റെഡ് ലൈറ്റ് മറികടന്നും വാഹനമോടിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അനുവാദമുള്ളൂ.
മൊബൈല്‍ സംസാരിച്ചും, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും, ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാല്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തുമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് തുടങ്ങിയ എമര്‍ജെന്‍സി വാഹനങ്ങളില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞത് 50 മീറ്റര്‍ അകലമെങ്കിലും പാലിക്കേണ്ടതാണ്. എമര്‍ജെന്‍സി വാഹനങ്ങളുടെ യാത്ര മുതലെടുത്ത് മറ്റ് വാഹനങ്ങള്‍ ഇവയെ പിന്തുടര്‍ന്ന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.