മുൻ ഫുട്ബോൾ താരവും രാജ്യം കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ടി.കെ.ചാത്തുണ്ണി അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, സി.വി.പാപ്പച്ചൻ, തുടങ്ങി നിരവധി ദേശീയ സംസ്ഥാന താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത പരിശീലകനെയാണ് ചാത്തുണ്ണിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. രാജ്യത്തെമ്പാടും ശിഷ്യരുള്ള ഇതിഹാസ പരിശീലകനായ ചാത്തുണ്ണി രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായും തിളങ്ങി നിന്നു.
കേരളത്തിലെ ആദ്യ പൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ്.സി കൊച്ചിൻ, ഗോവൻ ക്ലബ്ബുകളായ ഡെംപോ ഗോവ, സാൽഗോക്കർ എഫ്.സി, ചർച്ചിൽ ബ്രദേഴ്സ്, കൊൽക്കത്ത ക്ലബ്ബായ മോഹൻ ബഗാൻ, ചിരാഗ് യുനൈറ്റഡ്, ജോസ്കോ എഫ്.സി വിവാ കേരള എന്നി ടീമുകൾ ചാത്തുണ്ണിയുടെ പരിശീലന മികവ് അറിഞ്ഞവരാണ്.
കേരള പോലീസ് ടീമിനെയും ചാത്തുണ്ണി പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസിലൂടെ കേരളത്തിലേക്ക് ആദ്യമായി ഫെഡറേഷൻ കപ്പ് കിരീടം എത്തിയത് ചാത്തുണ്ണിയുടെ പരിശീലന കാലത്താണ്.എഫ്.സി.കൊച്ചിനെ ഇന്ത്യയിലെ ഒന്നാം നിര ക്ലബ്ബാക്കി മാറ്റിയതും ചാത്തുണ്ണിയായിരുന്നു.
സന്തോഷ് ട്രോഫിയിൽ കേരളത്തിന് പുറമെ ഗോവയ്ക്ക് വേണ്ടിയും ചാത്തുണ്ണി ബൂട്ടണിഞ്ഞിട്ടുണ്ട്. ചാലക്കുടി സ്വദേശിയായ ചാത്തുണ്ണി ഫുട്ബോൾ മൈ സോൾ എന്ന പേരിൽ ആത്മകഥയും എഴുതിയിട്ടുണ്ട്.