നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി സുരേഷ് ഗോപി ഡൽഹിലേക്ക് തിരിച്ചു.
മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയുമുണ്ടാകുമോ എന്ന കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വം അവസാനിക്കുന്നു. സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റിനോടുവിൽ സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകാനാണ് തീരുമാനം.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ഡൽഹിയിൽ എത്താൻ നരേന്ദ്രമോദി നേരിട്ട് ഫോണിൽ വിളിച്ച് സുരേഷ് ഗോപിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് യാത്ര. വിമാനത്താവളത്തിലും മാധ്യമങ്ങളോട് സുരേഷ് ഗോപി കൂടുതൽ ഒന്നും പ്രതികരിച്ചില്ല.
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അംഗമെന്ന നിലയിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമായിരുന്നു. എന്നാൽ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ ഉപേക്ഷിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
സിനിമകൾ പൂർത്തിയാക്കിയ ശേഷം കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. തുടർന്ന് സുരേഷ് ഗോപി ഡൽഹിയിലേക്ക് പോകുമോ എന്ന സംശയം നിലനിൽക്കവെയാണ് പ്രധാനമന്ത്രിയുടെ കാൾ എത്തുന്നതും തുടർന്ന് അദ്ദേഹം യാത്ര പുറപ്പെടുന്നതും.