സിപിഎം ക്രിസ്തീയ വിഭാഗത്തെ ആക്ഷേപിക്കുന്നുവെന്ന ആരോപണവുമായി കെ മുരളീധരൻ. നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടും മണിപ്പൂർ കലാപത്തിൽ ഒരാശങ്കയും എം വി ഗോവിന്ദന് ഇല്ലന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ലണ്ടനിൽ ഒരാഴ്ച പോയി വന്നതിനുശേഷം അവിടത്തെ നല്ല കാഴ്ചകളെ കുറിച്ചല്ല പറയുന്നത്. പള്ളികളിൽ ആളില്ലാത്ത കാര്യം പറയുന്ന ഗോവിന്ദൻ കന്യാസ്ത്രീകളെക്കുറിച്ച് പഴി പറയുന്നു. ഒരു വിഭാഗത്തെ മനപ്പൂർവ്വം അപമാനിക്കുന്ന സമീപനമാണ് ഗോവിന്ദന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സി പി എം ഇത്രയും തരംതാഴാൻ പാടില്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത രംഗത്ത് വന്നിരുന്നു. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച എം വി ഗോവിന്ദൻ മാപ്പുപറഞ്ഞ് പരാമര്‍ശം പിന്‍വലിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ലണ്ടനിൽ പള്ളികളിലൊന്നും ഒരാളും പോകുന്നില്ല എന്നായിരുന്നു എം വി ഗോവിന്ദൻ്റെ പരാമർശം. അവിടെയുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും പള്ളിയിൽ പോകുന്നില്ല. പള്ളി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ആറ്-ആറരക്കോടിയാണ് ഒരു പള്ളിക്ക് വില. നമ്മുടെ കേരളത്തിൽനിന്നുപോയവർ പള്ളിയിൽ പോകുന്നുണ്ട്. സിഖുകാർ അവരുടെ ക്ഷേത്രമാക്കി മാറ്റാൻ പള്ളികൾ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ എം.വി.ഗോവിന്ദൻ പങ്കുവച്ചത്