Share this Article
image
റഹീമിന്റെ യാത്ര രേഖകൾ തയാറാക്കി ഇന്ത്യൻ എംബസി; വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ച് നവംബർ 17ന് കേസ് പരിഗണിക്കും
വെബ് ടീം
posted on 25-10-2024
1 min read
RAHIM

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന ഹർജി വധ ശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് തന്നെ പരിഗണിക്കും. നവംബർ 17 ന് ഞായറാഴ്ചയാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ നവംബർ 21 എന്നുള്ളത് പ്രതിഭാഗത്തിന്റെ അപേക്ഷപ്രകാരം 17 ലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ, കുടുംബപ്രതിനിധിയായ സിദ്ദിഖ് തുവ്വൂർ എന്നിവർ അറിയിച്ചു.

തീയതി നേരത്തെയാക്കാൻ കോടതി വഴി അഭിഭാഷകനും ഇന്ത്യൻ എംബസിയും ശ്രമം തുടരുന്നുണ്ട്.  ഒക്ടോബർ 21 ന് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ട കേസ് ജസ്റ്റിസ് പുതിയ ബെഞ്ചിലേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസിന്റെ നിർദേശത്തോടെ വധ ശിക്ഷ റദ്ദ് ചെയ്ത ബെഞ്ചിന് കേസ് കൈമാറി.

പുതിയ ബെഞ്ചിൽ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്. അടുത്ത സിറ്റിങ്ങിൽ  കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹീം സഹായ സമിതി അറിയിച്ചു. ഇന്ത്യൻ എംബസി റഹീമിന്റെ യാത്ര രേഖകൾ തയാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാൽ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും. നീണ്ട പതിനെട്ട് വർഷത്തെ ശ്രമത്തിന് ശുഭപര്യവസാനം സംഭവിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories