ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും യുകെയിൽ പുതുതായി അധികാരത്തിലെത്തിയ കെയർ സ്റ്റാർമറെയും പിന്തള്ളിയാണ് മോദി വീണ്ടും ഒന്നാമതെത്തിയത്. യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കൽ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്. 25 നേതാക്കളുടെ പട്ടികയിൽ 69 ശതമാനം വോട്ട് നേടിയാണ് മോദി ഒന്നാമത്തെത്തിയത്.
69 ശതമാനം വോട്ട് നേടി പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തും, 63 ശതമാനം വോട്ടോടെ മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. മുൻ സർവേകളിലും ആഗോള റേറ്റിംഗിൽ പ്രധാനമന്ത്രി മോദിയായിരുന്നു ഒന്നാമത്. 16 ശതമാനം മാത്രം വോട്ട് നേടിയ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയാണ് പട്ടികയിൽ അവസാനമുള്ളത്.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ 39 ശതമാനം വോട്ട് നേടിയപ്പോൾ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് 29 ശതമാനവും, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് 45 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന് വെറും 20 ശതമാനം വോട്ടാണ് ലഭിച്ചത്.
ജൂലൈ 8 മുതൽ 14 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ.