ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ചാന്ദ്നിയുടെതെന്ന് സ്ഥിരീകരിച്ചു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് ചാന്ദ്‌നി എന്ന അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ നിന്നു കഴിഞ്ഞ ദിവസമായിരുന്നു ചാന്ദ്നിയെ അസം സ്വദേശിയായ അസഫാക് ആലം എന്നയാൾ തട്ടിക്കൊണ്ട് പോയത്. ഇയാളെ പൊലീസ് പിടികൂടിയിരുന്നു.
പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ വ്യക്തമാക്കി . ശനിയാഴ്ച രാവിലെ പ്രതി തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തേക്കുറിച്ച് സൂചന നൽകിയതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു.
ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെങ്കിലും, സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്നവരാണ് ചാന്ദ്നിയുടെ മാതാപിതാക്കൾ. ചാന്ദ്നിയുടെ പിതാവ് രാംധർ തിവാരി ബിഹാർ ബിഷാംപർപുർ സ്വദേശിയാണ്. ഇതേ കെട്ടിടത്തിൽ രണ്ട് ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസഫാക് ആലം. നിരവധി അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.
രാംധറും ഭാര്യ നീതു കുമാരിയും വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. രാംധറിൻ്റെ നാല് മക്കളിൽ രണ്ടാമത്തെ മകളാണ് ചാന്ദ്നി. നന്നായി മലയാളം സംസാരിക്കുന്ന ചാന്ദ്നി തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് .
കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ മറ്റൊരാൾക്കു കൈമാറിയെന്ന് പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണു നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നും റൂറൽ എസ്‌പി മാധ്യമങ്ങളോടു വ്യക്തമാക്കി.
പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി.