കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്, സെപ്റ്റംബര്‍ മൂന്നു വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ മൂന്നിനു വിശദ വാദം കേള്‍ക്കും.
മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.