ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജില്‍ നടന്ന അക്രമത്തെക്കുറിച്ചന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ സംഭാലിലെത്തി. കലാപം ഉണ്ടായ സാഹചര്യവും പൊലീസിന് നേരെ നടന്ന ആക്രമണവുമാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. ഹൈക്കോടതി മുന്‍ ജഡ്ജി ദേവേന്ദ്ര കുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തുന്നത്. മസ്ജിദ് പരിസരത്ത് സുരക്ഷ കര്‍ശനമാക്കി.
ക്ഷേത്രം ഇരുന്നിടത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന ഹര്‍ജിയെ തുടര്‍ന്ന് കോടതി നിയോഗിച്ച അഭിഭാഷ കമ്മീഷന്‍ സര്‍വേയ്ക്ക് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്.
സംരക്ഷിത പൈതൃക സ്മാരകമായ മസ്ജിദ് ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. കഴിഞ്ഞ മാസം 24 ന് നടന്ന കലാപത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്.