ലക്നൗ: ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി കണക്കാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.
മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവർ പറയുന്നു. നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോർഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയിൽ സ്മിത അഭിപ്രായപ്പെട്ടു.
1980 -കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്‍റെ മുടി നീട്ടി വളർത്തി തുടങ്ങിയത്.
ആഴ്ചയില്‍ രണ്ട് പ്രാവശ്യമാണ് സ്മിത തന്റെ തലമുടി കഴുകുന്നതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ പറഞ്ഞു. തലമുടി കഴുകി വൃത്തിയാക്കാന്‍ ഏകദേശം അരമണിക്കൂര്‍ സമയമെടുക്കും. പിന്നീട് തലമുടി നന്നായി ഉണക്കിയെടുക്കണം. ശേഷം കൈകൊണ്ട് തലമുടിയിലെ ജഠ മാറ്റും. ഏകദേശം മൂന്ന് മണിക്കൂറോളമാണ് ഇതിനായി ചെലവഴിക്കേണ്ടി വരിക.
“നിലത്ത് ഒരു ഷീറ്റ് വിരിച്ച് അതിലേക്ക് മുടി നിവര്‍ത്തിയിട്ട ശേഷം മുടി നന്നായി ചീകിയൊതുക്കും"സ്മിത പറഞ്ഞു.
മുടി വിടര്‍ത്തിയിടുമ്പോള്‍ ആളുകള്‍ അദ്ഭുതത്തോടെ നോക്കാറുണ്ടെന്നും സ്മിത പറഞ്ഞു. ചിലര്‍ മുടിയില്‍ തൊട്ടുനോക്കാറുണ്ടെന്നും ചിലര്‍ തന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ വരാറുണ്ടെന്നും സ്മിത കൂട്ടിച്ചേർത്തു. മുടി പരിപാലിക്കുന്നതിന് എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും സ്മിത.
“ചിലര്‍ എന്റെ മുടിയില്‍ തൊട്ടുനോക്കാറുണ്ട്. കൂടാതെ മുടിയുടെ ചിത്രവും എടുക്കും. ചിലര്‍ സെല്‍ഫിയെടുക്കാനും വരാറുണ്ട്. ശേഷം കേശ സംരക്ഷണത്തിന് എന്തൊക്കെയാണ് ചെയ്യുന്നത്, എന്ത് ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത് എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞാന്‍ എന്റെ മുടിയില്‍ എന്തൊക്കെയാണ് ചെയ്യുന്നത് അതെല്ലാം അവരോടും പറയും. ഇതുപോലെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ തങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്”. സ്മിത കൂട്ടിച്ചേര്‍ത്തു.
എന്തായാലും മുടി മുറിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്മിത പറയുന്നു. ഇനിയും മുടി നീട്ടി വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.