Share this Article
'സംവരണം മതാടിസ്ഥാനത്തിലാകരുത്'; സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി
വെബ് ടീം
posted on 09-12-2024
1 min read
SC ON RESERVATION

ന്യൂഡൽഹി: സംവരണം മതാടിസ്ഥാനത്തിലാകരുതെന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010നുശേഷം ബംഗാളിൽ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. 2010-ന് ശേഷം ഒ.ബി.സി പട്ടികയിൽ 77 വിഭാഗങ്ങളെ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.

ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ  77 വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങൾ ആണ്. പിന്നാക്ക വിഭാഗ കമ്മീഷന്‍റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വിശദമായി വാദം കേൾക്കുന്നതിന് ജനുവരി ഏഴിലേക്ക് മാറ്റി.

രംഗനാഥ് കമ്മീഷന്‍ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഹിന്ദു മതത്തിലെ 66 സമുദായങ്ങളെ പിന്നോക്ക വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് സംവരണത്തിന് എന്ത് ചെയ്യണം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, പിന്നാക്ക കമ്മീഷന്‍ ദൗത്യം ഏറ്റെടുക്കുകയും മുസ്ലിംകള്‍ക്കുള്ളിലെ 76 സമുദായങ്ങളെ പിന്നാക്ക വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു. അതില്‍ വലിയൊരു വിഭാഗം സമുദായങ്ങള്‍ ഇതിനകം തന്നെ കേന്ദ്ര പട്ടികയിലുണ്ട്. മറ്റു ചിലര്‍ മണ്ഡല്‍ കമ്മിഷന്റെ ഭാഗമാണ്.

ഉപവര്‍ഗ്ഗീകരണ വിഷയം വന്നപ്പോള്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് പിന്നാക്ക കമ്മീഷനാണ്. മുസ്ലീങ്ങള്‍ക്കുള്ള നാലു ശതമാനം സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിയെ ആശ്രയിച്ചാണ് കൊല്‍ക്കത്ത ഹൈക്കോടതി ഒബിസി പട്ടിക റദ്ദാക്കിയതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്ര ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

സര്‍വേയോ ഡാറ്റയോ ഒന്നുമില്ലാതെയാണ് ഈ സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയതെന്ന്, സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 2010ല്‍ അന്നത്തെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ, കമ്മീഷനുമായി കൂടിയാലോചിക്കുക പോലും ചെയ്യാതെ 77 സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് പട്വാലിയ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories