രാജ്യത്ത് മൂന്നാമതും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഘടകകക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 400 പ്ലസ് സീറ്റെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ 300ല്‍ താഴെ സീറ്റുകളില്‍ ഒതുങ്ങിപ്പോയി എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ മുന്നണിയുടെ തേരോട്ടത്തിന് മുന്നില്‍ 300 സീറ്റുകള്‍ക്ക് താഴെ ഒതുങ്ങിയെങ്കിലും നരേന്ദ്രമോദിക്കും ബിജെപിക്കും ഇത് മൂന്നാം ഊഴം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിജെപിയും എന്‍ഡിഎയും വിജയം ഉറപ്പിച്ചിരുന്നു. ഒരുവേള ഇന്ത്യ മുന്നണി ഒപ്പത്തിനൊപ്പം എത്തിയെങ്കിലും എന്‍ഡിഎ വീണ്ടും മുന്നിലേക്ക്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷം പകുതിയോളം കുറഞ്ഞത് ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. രാജ്യത്ത് മോദിയുടെ സ്വീകാര്യത കുറയുന്നുവെന്നതാണ് ഫലം വ്യക്തമാക്കുന്നത്. വാരണാസിയില്‍ മൂന്ന് ലക്ഷത്തിലധികമുണ്ടായിരുന്ന ഭൂരിപക്ഷം ഇക്കുറി പകുതിയോളം കുറഞ്ഞ് ഒന്നര ലക്ഷമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മാത്രം 303 സീറ്റ് നേടിയപ്പോള്‍ ഇത്തവണ എന്‍ഡിഎയ്ക്ക് ആകെ 300 സീറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ല. 400 ന് മുകളില്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ അടയാളപ്പെടുത്താം.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കുപിടിച്ച നീക്കങ്ങളാണ് ഇനി രാജ്യതലസ്ഥാനത്ത് നടക്കുക. നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ഇക്കുറി നിര്‍ണായകമാണ്. ഇവരെ കൂടെ നിര്‍ത്തിയാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് സാഹചര്യം.
ടിഡിപിയെ അടര്‍ത്തിമാറ്റി തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ മുന്നണിയും ആരംഭിച്ചതായാണ് സൂചന. ബംഗാളില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ഒറ്റയ്ക്ക് പോരാടി മിന്നുന്ന വിജയമാണ് മമത ബാനര്‍ജിയുടെ തൃണൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
ഇന്ത്യ മുന്നണി നേതൃത്വവുമായി ചര്‍ച്ചകളിലേക്ക് കടക്കുകയാണ് മമത. മമതയെ അടക്കം ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി അവകാശവാദം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ഭരണം കൈപ്പിടിയിലൊതുക്കുന്നതിനുള്ള അതിശക്തമായ വിലപേശലുകള്‍ക്കാവും ഇനി രാജ്യം സാക്ഷ്യം വഹിക്കുക.