ന്യൂഡൽഹി: ഇന്ത്യയിലെത്തി കാമുകനൊപ്പം താമസമാക്കിയ പാകിസ്താനി യുവതിക്കെതിരേ ഭീഷണി. 'ഗോരക്ഷാ ഹിന്ദുദള്‍' എന്ന പേരിലുള്ള സംഘടനയാണ് പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദറിനെതിരേ ഭീഷണി മുഴക്കിയിരിക്കുന്നത്. 72 മണിക്കൂറിനുള്ളില്‍ സീമ ഹൈദര്‍ ഇന്ത്യവിടണമെന്നാണ് ഭീഷണി. അല്ലെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഗോരക്ഷാ ഹിന്ദുദള്‍ ദേശീയ പ്രസിഡന്റ് വേദ് നഗര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.സീമ ഹൈദര്‍ പാകിസ്താന്‍ ചാരവനിതയാകുമെന്നും ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നുമാണ് ഹിന്ദുദള്‍ നേതാവ് പറയുന്നത്. ശത്രുരാജ്യത്തുനിന്നുള്ളവരെ ഉള്‍ക്കൊള്ളാനാകില്ല. സീമ ഹൈദര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ വ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പബ്ജി ഗെയിമിലൂടെ നോയിഡ സ്വദേശി സച്ചിനുമായി പ്രണയത്തിലായ സീമ ഹൈദര്‍ നാലുകുട്ടികള്‍ക്കൊപ്പം മേയ് മാസത്തിലാണ് ഇന്ത്യയിലെത്തിയത്. പാകിസ്താനില്‍നിന്ന് നേപ്പാള്‍ വഴി അനധികൃതമായി രാജ്യത്ത് പ്രവേശിച്ച സീമ കാമുകനൊപ്പം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഇരുവരും നിയമപരമായി വിവാഹം കഴിക്കാനുള്ള ശ്രമം നടത്തിയതോടെ യുവതി പാകിസ്താന്‍ സ്വദേശിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സീമ ഹൈദറിനെയും ഇവരെ സഹായിച്ച കാമുകനെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി. നിലവില്‍ സച്ചിനും കുടുംബത്തിനും കൂടെയാണ് സീമയുടെ താമസം.