ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസ്പർശം മാധ്യമ പുരസ്കാരം, ബാലപ്രതിഭ പുരസ്കാരം തുടങ്ങിയവ പ്രഖ്യാപിച്ചു. സ്നേഹ സ്പർശം മാധ്യമ അവാർഡിന് കേരള വിഷൻ ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫും സീനിയർ സബ് എഡിറ്ററുമായ റിയാസ് കെ.എം.ആർ, റിപ്പോർട്ടർ ടി.വി ചീഫ് റിപ്പോർട്ടർ എ.കെ.അഭിലാഷ്, ജീവൻ ടിവി റീജിയണൽ ഹെഡ് അജീഷ് അത്തോളി, ന്യൂസ് മലയാളം 24x7 സീനിയർ ക്യാമറാമാൻ അതീന്ദർ ജിത്തു എന്നിവർ അർഹരായി.
മനുഷ്യത്വപരവും ജീവിത സ്പർശിയുമായ വാർത്തകളും ദൃശ്യങ്ങളും പൊതുസമൂഹത്തിന് മുമ്പിൽ ദൃശ്യമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുൻപിൽ എത്തിച്ച ഇടപെടലുകൾ പരിഗണിച്ചാണ് ഇവർക്ക് അവാർഡുകൾ നൽകുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു. പ്രാദേശിക ചാനലിനുള്ള പുരസ്കാരം കോഴിക്കോട് വിഷനും നൽകും. ബാലപ്രതിഭ പുരസ്കാരങ്ങളായ "ബെസ്റ്റ് മോട്ടിവേറ്റർ ചൈൽഡ്"
അവാർഡ് മൂന്നാം വയസ്സിൽ നീന്തൽ പഠിച്ച് മറ്റു കുട്ടികൾക്ക് കൂടി പ്രചോദനമായ തോട്ടുമുക്കം ഗവ.യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി റന ഫാത്തിമക്കും ,
റൈസ് അപ്പ് ചൈൽഡ് ഓഫ് ദ ഇയർ
അവാർഡ് തന്റെ പരിമിതികളെ അതിജീവിച്ച് വിവിധ കലാമേഖലകളിൽ നേട്ടം സ്വന്തമാക്കിയ ആലപ്പുഴ ജില്ലയിലെ ഓച്ചിറ കെ.എൻ.എം ഗവ. യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി യാസീനും നൽകും. ബിസിനസ് ഐക്കൺ അവാർഡുകളും ഇതോടൊപ്പം സമ്മാനിക്കും. 20 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വ്യാപാര ഭവനിൽ നടക്കുന്ന സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തക സംഗമത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക. എംഎൽഎമാരായ ടി.സിദ്ദീഖ്, തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് മേയർ എം. ബീന ഫിലിപ്പ്, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കുമെന്ന് സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ടി.എ സിദ്ദീഖ്, കൺവീനർ എൻ.അജിത് കുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രേഖ എസ്. നായർ എന്നിവർ അറിയിച്ചു.