Share this Article
ചെങ്കോല്‍ ചരിത്രമോ, കെട്ടുകഥയോ?
വെബ് ടീം
posted on 26-05-2023
1 min read
Sengol in Parliament

ഇപ്പോഴത്തെ ചര്‍ച്ചാവിഷയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും അവിടെ സ്ഥാപിക്കാന്‍ പോകുന്ന ചെങ്കോലിനെപ്പറ്റിയുമാണല്ലോ, ഈ മാസം 28 ന് നടക്കാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന് കൂടി ഇന്ത്യ സാക്ഷ്യം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കും. ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമായി സ്പീക്കറുടെ ഇരുപ്പിടത്തിന് സമീപമായാണ് ഇത് സ്ഥാപിക്കുന്നത്.

നിങ്ങള്‍ക്ക് ഈ ചെങ്കോല്‍ എവിടെ നിന്ന് വന്നുവെന്ന് സംശയം തോന്നാം,ചെങ്കോലിന്റെ  ചരിത്രമാണ് ഇനി പറയുന്നത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷുകാരില്‍ നിന്ന് ലഭിച്ചതാണ് ഈ ചെങ്കോല്‍ എന്ന്‌  പറയപ്പെടുന്നു. തമിഴില്‍ നീതി എന്ന് അര്‍ത്ഥം വരുന്ന സെമ്മായി എന്ന പദത്തില്‍ നിന്നാണ് സെങ്കോല്‍ അഥവാ ചെങ്കോല്‍ എന്ന വാക്കുണ്ടായത്.

 ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് ഈ ചെങ്കോലിന്റെ ഉത്ഭവം. സ്വാതന്ത്യം ലഭിക്കുമ്പോള്‍ അധികാര കൈമാറ്റം എങ്ങനെ ആയിരിക്കണമെന്നാണ് പ്രഭു ചോദിച്ചത്. നെഹ്‌റു സി രാജഗോപാലാചാരിയെ വിവരം അറിയിക്കുകയും രാജാജിയുടെ താത്പര്യപ്രകാരം തമിഴ്‌നാട്ടിലെ ചോള രാജാക്കന്മാര്‍ രാജപുരോഹിതനില്‍ നിന്ന് ചെങ്കോല്‍ ഏറ്റു വാങ്ങുന്ന രീതി സ്വീകരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു .

ചോളഭരണകാലത്ത് ഒരു രാജാവില്‍ നിന്ന് മറ്റൊരു രാജാവിലേയ്ക്ക് അധികാരം കൈമാറുന്ന സമയത്താണ് ആദ്യമായി ഇന്ത്യയില്‍ ചെങ്കോല്‍ ഉപയോഗിച്ചത്.ദണ്ഡിന്റെ ആകൃതിയിലുള്ള ചെങ്കോല്‍ നീതിപൂര്‍വ്വമായ ഭരണത്തെയാണ് സൂചിപ്പിക്കുന്നത്.അങ്ങനെ തമിഴ്‌നാട്ടില്‍ തന്നെ ചെങ്കോല്‍ നിര്‍മ്മിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. 

മദ്രാസില്‍ ജ്വല്ലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് നിര്‍ദേശങ്ങള്‍ പാലിച്ച് ചെങ്കോല്‍ നിര്‍മ്മിച്ചത്.വെള്ളി കൊണ്ട് നിര്‍മ്മിച്ച് സ്വര്‍ണം പൂശിയ ഇതില്‍ നിരവധി കരകൗശലങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ഈ ചെങ്കോലിന് മുകളിലായി നീതിയുടെ പ്രതീകമായ 'നന്ദി' ശില്‍പ്പവും കാണാം. 

1945 ഓഗസ്റ്റ് 14 ന് അര്‍ധരാത്രി അധികാരകൈമാറ്റത്തിനു 15 മിനിറ്റ് മുമ്പ് ഈ ചെങ്കോല്‍  ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയെന്ന് പറയപ്പെടുന്നു.5 അടി നീളവും 15000 രൂപ വിലവരുന്നതുമായ ചെങ്കോലാണ് അന്ന് നെഹ്‌റുവിന് കൈമാറിയത്.അതേ ചെങ്കോലാണ് ഈ മാസം 28 ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി സ്ഥാപിക്കുന്നത്.ഈ ചെങ്കോല്‍ നെഹ്‌റുവിന്റെ വസതിയായിരുന്ന അലഹാബാദിലെ ദേശീയ മ്യൂസിയത്തിലാണിപ്പോള്‍ ഉള്ളത്.

എന്നാല്‍ ഇപ്പോള്‍ ചെങ്കോല്‍ കഥ വ്യാജമാണെന്നും മൗണ്ട് ബാറ്റണോ രാജാജിയോ നെഹ്‌റുവോ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല എന്നു പറഞ്ഞ് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories