റാഫയില്‍ നിന്ന് പലായനം തുടരുന്നു. ഒഴിഞ്ഞുപോകാനുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പില്‍ വീണ്ടും പതിനായിരത്തോളം പേര്‍ പലായനം ചെയ്തു. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലാണ്.
ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ മുന്നറിയിപ്പില്‍ റാഫയില്‍ നിന്ന് ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്. ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് റാഫയുടെ കിഴക്ക് മുതല്‍ വടക്ക് വരെയുള്ള മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയത്.
വീണ്ടും മുന്നറിയിപ്പ് എത്തിയതോടെ മൂന്നുലക്ഷം പേരാണ് ദുരിതമനുഭവിക്കുന്നത്. ഗാസയിലെ മാവാസി എന്ന മേഖലയിലേക്ക് മാറണമെന്നാണ് കഴിഞ്ഞദിവസം ഇസ്രയേല്‍ പ്രതിരോധസേന ആവശ്യപ്പെട്ടത്. എന്നാല്‍ മാവാസി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നത്.റാഫയുടെ മൂന്നിലൊന്ന് ഭാഗവും ഇസ്രയേല്‍ സൈന്യം ഇതിനോടകം ഒഴിപ്പിച്ചു.
ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച മുതല്‍ 1,50,000 പേരാണ് റാഫയില്‍നിന്ന് പലായനം ചെയ്തത്. അതേസമയം, ഇസ്രയേലിന് ആണവ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. രാജ്യത്തിന് ഭീഷണിയാകുന്ന നടപടിയെടുത്താല്‍ ആണവനയത്തില്‍ മാറ്റം വരുത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പരാമര്‍ശം.