Share this Article
അരിക്കൊമ്പനെ തളയ്ക്കാൻ തമിഴ്നാട്; കുങ്കിയാനകൾ പുറപ്പെട്ടു
വെബ് ടീം
posted on 27-05-2023
1 min read
Arikomban

ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച കാട്ടാന അരിക്കൊമ്പന്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ തളയ്ക്കാന്‍ നടപടിയുമായി തമിഴ്നാട് വനംവകുപ്പ്. മയക്കുവെടി വയ്ക്കാനാണ് നീക്കം. അരിക്കൊമ്പനെ തളയ്ക്കുന്നതിന് കുങ്കിയാനകളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. 

ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.  കമ്പത്തെയും പരിസര പ്രദേശത്തെയും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആനയെ തളയ്ക്കുന്നതിന് മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ചാനലുകളോടു പറഞ്ഞു. 

അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകള്‍ പരിഭ്രാന്തിയിലാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.

ഇന്നലെ കുമളിയിൽ എത്തിയ അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി ഭീതി പരത്തിയിരുന്നു. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു.ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം. 

അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. ഈ ഒരു മണിക്കൂറിനിടെ അരിക്കൊമ്പൻ ഏത് ദിശയിലെത്തുമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിരുന്നു. എന്നാൽ അരിക്കൊമ്പനെ കണ്ടെത്താൻ പലപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories