കൊച്ചി: ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങളിൽ അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തിൽ വരുന്ന വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കാനും നിർദേശിച്ചിട്ടുണ്ട്. സർക്കാർ ബോർഡ് വെച്ചു വരുന്ന വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് കോടതി ഉത്തരവ്.