പ്രിയപ്പെട്ടവരെ തേടി അലയുന്ന മനുഷ്യര്‍, ഒരായുസ്സു മുഴുവന്‍ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം നഷ്ടമായവര്‍, ഒരു രാത്രികൊണ്ട് അപ്രത്യക്ഷമായ രണ്ട് ഗ്രാമങ്ങള്‍. ഇതെല്ലാമാണ് ഇന്നത്തെ വയനാട്. മുണ്ടക്കൈയും ചൂരല്‍മലയും കണ്ണീര്‍ചാലുകളായി വയനാടിനെ കീറിമുറിച്ച് ഒഴുകുന്നു...
നിരവധി ജീവിതങ്ങളാണ് മുണ്ടക്കൈയില്‍ നിന്നും ഉരുളെടുത്തത്. അക്കൂട്ടത്തില്‍ മറ്റൊരു കണ്ണീര്‍കാഴ്ചയാവുകയാണ് ശ്രുതി. ഉരുള്‍പൊട്ടല്‍ ശ്രുതിയുടെ ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തത് പ്രിയപ്പെട്ട കുടുംബത്തെയാണ്. ശ്രുതിയുടെ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. ശ്രേയയുടെ മൃതദേഹം മാത്രമാണ് തിരിച്ചുകിട്ടിയത്. ബന്ധുവീട്ടിലായിരുന്നതിനാല്‍ ശ്രുതി മാത്രം ബാക്കിയായി.
വലിയ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ ശ്രുതിയുടെ വീട് ഇപ്പോഴവിടെയില്ല.ഒന്നര മാസം മുന്‍പ് പാലുകാച്ചിയ വീട്ടില്‍ ഡിസംബറോടെ ശ്രുതിയുടെ വിവാഹം നടക്കേണ്ടതായിരുന്നു. അതിനു വേണ്ടി സ്വരുക്കൂട്ടിയ നാലര ലക്ഷം രൂപയും പതിനഞ്ചു പവനും മണ്ണെടുത്തു.
ഉരുള്‍പൊട്ടലിനൊപ്പം ഉള്ളുപൊട്ടിയ മനുഷ്യര്‍ കൂടിയാണ് വയനാടിന്റെ കാഴ്ച.മനുഷ്യന് മനുഷ്യന്‍ മാത്രമേയുള്ളു എന്നത് മുണ്ടക്കൈ ദുരന്തം ഒരിക്കല്‍ക്കൂടി അടിവരയിട്ട് ഉറപ്പിക്കുന്നു. ശ്രുതിക്കും അനേകായിരം മനുഷ്യര്‍ തണലൊരുക്കട്ടെ.