Share this Article
‘വസ്ത്രധാരണം ജനാധിപത്യ അവകാശം’; അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ല; എംവി ഗോവിന്ദന്‍
വെബ് ടീം
posted on 03-10-2023
1 min read
MV GOVINDAN ON ANILKUMAR STATEMENT

കണ്ണൂര്‍: 'തട്ടം' പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാമര്‍ശം പാര്‍ട്ടി നിലപാടിനെതിരാണ്. ഇഷ്ടമുളള വസ്ത്രം ധരിക്കാനുള്ള ജനാധിപത്യ അവകാശത്തില്‍ ആരും കടന്നുകയറേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'തിരുവനന്തപുരത്ത് എസ്സന്‍സ് ഗ്ലോബല്‍ നടത്തിയ സെമിനാറില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗം അനില്‍കുമാര്‍ നടത്തിയ പ്രസംഗത്തില്‍ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ തട്ടധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിക്കുകയുണ്ടായി. മുന്‍പ് ഹിജാബ് പ്രശ്‌നം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ മുസ്ലീങ്ങള്‍, സാധാരണക്കാര്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് 

എന്നത് സംബന്ധിച്ചെല്ലാം ഒരു കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട്  ആര്‍ക്കും യോജിപ്പില്ല. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു കാര്യം കൂടിയാണ്. ഹിജാബ് പ്രശ്‌നത്തില്‍ തന്നെ പാര്‍ട്ടി നിലപാട് അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്'- ഗോവിന്ദന്‍ പറഞ്ഞു.

'വസ്ത്രധാരണം ഓരോ വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യവുമില്ല. അതുകൊണ്ട് ഇന്നയിന്ന വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളു എന്ന് നിര്‍ദേശിക്കാനോ അതിന്റ ഭാഗമായിട്ടുള്ള കാര്യങ്ങളില്‍ വിമര്‍ശാനാത്മകമായി എന്തെങ്കിലും ചുണ്ടിക്കാണിക്കാനോ ആരും ആഗ്രഹിക്കുന്നില്ല. ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വസ്ത്രധാരണം. അനില്‍കുമാറിന്റെ പ്രസംഗത്തിലെ ആ ഭാഗം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് എന്നുള്ളതുകൊണ്ട് പാര്‍ട്ടി വ്യക്തമായി ചൂണ്ടിക്കാണിക്കുകയാണ്, ഇത്തരത്തിലുള്ള ഒരുപരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതില്ല'- ഗോവിന്ദന്‍ പറഞ്ഞു. 

അനില്‍കുമാര്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ; ആര് ഉറച്ചുനിന്നാലും പാര്‍ട്ടി നിലപാടാണ് പറഞ്ഞത്. അനില്‍ കുമാറിന്റെത് വലിയൊരു പ്രസംഗമാണ്. ആ പ്രസംഗത്തിലെ ഒരുഭാഗം മാത്രം ചൂണ്ടിക്കാണിച്ചിട്ട് അതെല്ലാം അനുചിതമാണെന്ന് പറയാന്‍ പറ്റില്ല. ആ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories