കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയും പരിശോധനയും കടുപ്പിക്കുകയാണ്.കഴിഞ്ഞദിവസം മാത്രം നിയമ ലംഘനം നടത്തിയ 13 വാഹനങ്ങളാണ് പിടികൂടിയത്. 13 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് നടപടിയും സ്വീകരിച്ചു.
മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍ ഗ്യാപ്പ് റോഡ്.മുഖം മിനുക്കിയ ഗ്യാപ്പ് റോഡിലൂടെയുള്ള ഡ്രൈവിംഗും മനോഹരകാഴ്ച്ചകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.എന്നാല്‍ യാത്രക്കിടയിലെ ആവേശം അതിരുവിടുന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയായിട്ടുള്ളത്.
വാഹനങ്ങളുടെ മുകളിലും ജനാലയിലുമൊക്കെയിരുന്ന് യുവാക്കള്‍ സാഹസിക യാത്ര നടത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മാത്രം നിയമ ലംഘനം നടത്തിയ 13 വാഹനങ്ങള്‍ പിടികൂടുകയും 13 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് പുറമെ കേരള രജിസ്ട്രേഷന്‍ വാഹനങ്ങളിലും അപകടയാത്ര നടക്കുന്നു.സഫാരി ജീപ്പുകളുടെയടക്കം അമിതവേഗതയും പരാതികള്‍ക്ക് ഇടവരുത്തുന്നുണ്ട്.
പരിശോധനയും നടപടികളുമായി മുമ്പോട്ട് പോകുമ്പോഴും നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും മോട്ടോര്‍വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.