മൂന്നാം മോദി സര്‍ക്കാര്‍ വിഐപി സുരക്ഷയില്‍ അഴിച്ചുപണി നടത്തിയേക്കുമെന്ന് സൂചന. ദേശീയ സുരക്ഷ ഗാര്‍ഡ്, ഇന്‍ഡോ ടിബറ്റന്‍ പൊലീസ് എന്നീ വിഭാഗങ്ങളെ സുരക്ഷാചുമതലയില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് സൂചന.
രാജ്യത്തെ വിഐപി സുരക്ഷയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം മോദി സര്‍ക്കാറിലെ പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയ വിഐപി സുരക്ഷാ സജ്ജീകരണത്തില്‍ വലിയമാറ്റങ്ങളുണ്ടാകുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.
ദേശീയ സുരക്ഷ സേനയും ഇന്‍ഡോ ടിബറ്റന്‍ ഫോഴ്‌സുമാണ് നിലവില്‍ വിഐപി സുരക്ഷ നിര്‍വഹിക്കുന്നത്. ഇത് മറ്റ് പാരമിലിറ്ററി സേനകള്‍ക്ക് കൈമാറിയേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ വിഐപി പരിരക്ഷ ലഭിക്കുന്നവരില്‍ പലര്‍ക്കും ഇനി വിഐപി പരിരക്ഷ ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതില്‍ രാഷ്ട്രീയ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, മുന്‍ ബ്യൂറോക്രാറ്റുകള്‍, എന്നിവരും ഉള്‍പ്പെടുന്നു. ബ്ലാക്ക് ക്യാറ്റ് എന്നറിയപ്പെടുന്ന എന്‍എസ്ജി കമാന്‍ഡോകളെ വിഐപി സുരക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്ന നീണ്ട നാളത്തെ ആവശ്യവും ആഭ്യന്ത്രമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
സെഡ് പ്ലസ് സുരക്ഷ സിആര്‍പിഎഫിന്റെ വിഐപി യൂണിറ്റിന് കൈമാറും. നിലവില്‍ ഇന്‍ഡോ ടിബറ്റന്‍ പൊലീസിന്റെ സുരക്ഷയിലുള്ള വിഐപികളെ സിഐഎസ്എഫിന് കൈമാറുമെന്നും ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലാക്ക് ക്യാറ്റുകളെന്ന ദേശീയ സുരക്ഷ സേനയെ വിഐപി സുരക്ഷയില്‍ നിന്ന് മാറ്റിയാല്‍ രണ്ട് പതിറ്റാണ്ടായുള്ള പതിവാണ് മാറുക. 1984ലാണ് ദേശീയ സുരക്ഷാ നിയമത്തിന്‍ കീഴില്‍ ദേശീയ സുരക്ഷ സേനയ്ക്ക് സുരക്ഷാചുമതല കൈവന്നത്. സുരക്ഷ ചുമതലയില്‍ നിന്ന് മാറി എന്‍എസ്ജി തീവ്രവാദവിരുദ്ധ പ്രവര്‍ത്തനനങ്ങള്‍ക്ക് മാറണമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പുതിയ മാറ്റത്തിന് ആഭ്യന്തരവകുപ്പ് തയ്യാറാകുന്നത്.