കൊച്ചി:മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്‍.ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ 23ന് എത്താന്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന്‍ കോടതിയെ സമീപിച്ചത്.
വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നാണ് കെ.സുധാകരന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ല. ആരേയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹ മധ്യമങ്ങളില്‍ തന്റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നു.