ജറുസലം: ഇസ്രയേലിൽ പ്രവേശിച്ച് നടത്തിയ മിന്നലാക്രമണത്തിനിടെ ബന്ദിയാക്കിയ യുവതിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഈ മാസം ഏഴിന് ആക്രമണത്തിനിടെ ഇരുന്നൂറോളം പേരെ ബന്ദികളാക്കിയിരുന്നെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് ഇവരിൽ ഒരാളുടെ വിഡിയോ പുറത്തുവിടുന്നത്. 21 വയസ്സുകാരിയായ മിയ സ്കീം എന്നു സ്വയം പരിചയപ്പെടുത്തുന്ന ഒരു യുവതിയുടെ വിഡിയോ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സാണ് ഇന്നലെ പുറത്തുവിട്ടത്.
താൻ ഗാസ അതിർത്തിക്കടുത്തുള്ള ഒരു ചെറിയ ഇസ്രായേലി നഗരമായ സ്‌ദെറോത്തിൽ നിന്നുള്ളയാളാണെന്ന് യുവതി വിഡിയോയിൽ പറയുന്നു. ആക്രമണം നടന്ന ദിവസം തെക്കൻ ഇസ്രയേലിൽ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയതായിരുന്നു മിയ സ്കീം. ഈ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇതിലേറെയും ചെറുപ്പക്കാരാണ്. മിയ ഉൾപ്പെടെ അനേകം പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടു പോകുകയും ചെയ്തു.
ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ, മിയയുടെ പരുക്കേറ്റ കൈയിൽ ആരോഗ്യപ്രവർത്തക ബാൻഡേജ് ഉപയോഗിച്ച് കെട്ടുന്നത് വിഡിയോയിൽ കാണാം. കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയെന്നും യുവതി പറയുന്നു. ‘‘അവർ എന്നെ പരിപാലിക്കുന്നു, അവർ എന്നെ ചികിത്സിക്കുന്നു, അവർ എനിക്ക് മരുന്ന് നൽകുന്നു. എല്ലാം ശരിയാണ്. പക്ഷേ ഇവിടുന്ന് എത്രയും വേഗം വീട്ടിലേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. എന്റെ കുടുംബത്തോടും മാതാപിതാക്കളോടും എന്റെ സഹോദരങ്ങളോടും എല്ലാവരോടും ഇതുതന്നെ പറയുന്നു. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെനിന്നു പുറത്തിറക്കൂ.’’– യുവതി വിഡിയോയിൽ പറയുന്നു.
ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ അർധരാത്രി വ്യോമാക്രമണം നടത്തി ഇസ്രയേൽ
മിയയെ തട്ടിക്കൊണ്ടുപോയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ മിയയുടെ കുടുംബത്തെ സമീപിച്ചിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി. മിയ ഉൾപ്പെടെയുള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുള്ള ഇന്റലിജൻസ് പ്രവർത്തനങ്ങളും സ്വീകരിച്ച് വരുകയാണെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.
വിഡിയോ പുറത്തുവിട്ടതിനു പിന്നാലെ പ്രതികരണവുമായി മിയയുടെ കുടുംബവും രംഗത്തെത്തി. അവളെ സുരക്ഷിതയായി കാണുന്നതിൽ സന്തോഷമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇസ്രയേൽ-ഫ്രഞ്ച് ഇരട്ട പൗരത്വമുള്ളയാളാണ് മിയ. മിയയെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ ബന്ധുക്കൾ സമീപിച്ചിരുന്നു.