കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ അറസ്റ്റിൽ. രാവിലെ കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുള്ളതിനാൽ ഇന്ന് തന്നെ ജാമ്യത്തിൽ വിടും. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ രണ്ടാം പ്രതിയായ സുധാകരൻ താന്‍ കേസിൽ നിരപരാധിയാണെന്നും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞിരുന്നു.
സുധാകരന് നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും കളമശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുധാകരൻ ഹർജി നൽകിയത്.