Share this Article
image
‘എന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൂടെ കൊണ്ടു വരണമെന്ന് കങ്കണ റണാവത്
വെബ് ടീം
posted on 12-07-2024
1 min read
kangana-ranaut-to-bring-aadhaar-to-meet-her

മാണ്ഡി: തന്നെ കാണാൻ വരുന്ന വോട്ടർമാർക്ക് പുതിയ സന്ദർശക നിയമവുമായി ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്. തന്നെ കാണാനെത്തുന്നവർ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് കങ്കണ പറഞ്ഞു. എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും തൻ്റെ ലോക്‌സഭാ മണ്ഡലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്‍മാരാടായി അവർ ആവശ്യപ്പെട്ടു.

‘ധാരാളം വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിൽ എഴുതണം. എന്നാല്‍ നിങ്ങൾക്ക് അസൗകര്യം നേരിടേണ്ടിവരില്ല’- കങ്കണ പറഞ്ഞു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ സാധാരണക്കാര്‍ അസൗകര്യം നേരിടുന്നുണ്ടെന്നും ഹിമാചലിൻ്റെ വടക്കൻ മേഖലയിൽ നിന്നുള്ള ആളുകൾക്ക് തന്നെ കാണാൻ താത്പര്യമുണ്ടെങ്കിൽ, അവർക്ക് മണാലിയിലെ തന്‍റെ വീട് സന്ദർശിക്കാമെന്നും മാണ്ഡിയിലുള്ള ആളുകൾക്ക് നഗരത്തിലെ തൻ്റെ ഓഫീസ് സന്ദർശിക്കാമെന്നും കങ്കണ വ്യക്തമാക്കി. ആവശ്യങ്ങള്‍ക്ക് തന്നെ നേരിട്ട് കാണുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

കങ്കണയുടെ പരാമര്ശത്തിനെതിരെ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വിമർശനവുമായി രംഗത്തെത്തി. ഒരു ജനപ്രതിനിധി തൻ്റെ പാർലമെൻ്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ ആധാർ കാർഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിമർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories