കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്ത് അന്വേഷണ സംഘം വിട്ടയച്ചു. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ പോലീസ് കമ്മിഷണർ ഓഫീസിലെത്തിയ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.കേസില്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ദിഖ് ഇന്നും രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2016 കാലഘട്ടത്തില്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഇത്തരം പ്രധാനപ്പെട്ട രേഖകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാണ്. അതുണ്ടെങ്കിലോ ചോദ്യം ചെയ്യല്‍ മുന്നോട്ട് പോകുകയുള്ളു. അതുകൊണ്ട് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തത്കാലം അവസാനിപ്പിക്കുകയെന്നതാണ് പൊലീസിന്റെ നിലപാട്.