സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ പ്രീണിപ്പിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.ആറ് പള്ളികളില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് പക്ഷം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വിമര്‍ശനം.
കോടതി വിധി നടപ്പാക്കാന്‍ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല, ഒരു ശ്രമം പോലും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.ഇന്ത്യന്‍ ഭരണഘടനയാണ് പ്രധാനം .ക്രമസമാധാന പ്രശ്‌നം ഉണ്ടെന്ന് എത്രനാള്‍ പറയാനാവും. വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് എങ്ങനെ പറയാനാവുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
വിധി നടപ്പാക്കാന്‍ ശ്രമമുണ്ടായാലല്ലേ ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് പറയാനാവൂ. ഇത് സര്‍ക്കാരിന്റെ കഴിവുകേടാണ്.പുളിന്താനം,ഓടക്കാലി,മഴുവന്നൂര്‍, എരുക്കുംചിറ, മംഗലംഡാം, ചെറുകുന്നം പള്ളികളില്‍ കോടതി വിധി നടപ്പാക്കാത്തതിനെരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീ്‌സ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെയെന്ന് കോടതി ആരാഞ്ഞു. യാക്കോബായ വിഭാഗത്തിനെതിരെയും കോടതി തിരിഞ്ഞു.എന്തുകൊണ്ട് വിധി അനുസരിക്കുന്നില്ലെന്ന് കോടതി ചോദിച്ചു.തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.
യാക്കോബായ വിഭാഗത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി രണ്ടാഴ്ചക്കുള്ളില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. അനാവശ്യ ബലപ്രയോഗം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.കോടതി വിധി നടപ്പാക്കിയാല്‍ മാത്രം മതി. സ്വീകരിച്ച നടപടി രണ്ടാഴ്ചയ്ക്കകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.