കൊല്ലം: ഹണിട്രാപ്പ് കേസിൽ സീരിയൽ നടിയും ആൺ സുഹൃത്തും പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. ഇരയായ 75കാരനിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഘം കൂടുതൽ പണത്തിനായി ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ ഇയാളെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെട്ടു. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്. ഈ പേരിൽ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു.
തുടർന്ന്, തട്ടിപ്പിനിരയായ വ്യക്തി സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരൻ പട്ടത്തെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു