Share this Article
image
ദുഷ്പ്രചരണങ്ങള്‍ നടത്തിയവർക്കുള്ള മറുപടിയാണ് പാലക്കാട്ടെ ഭൂരിപക്ഷം; 'ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സിപിഐഎം വിശ്വസിക്കട്ടെയെന്നും വിഡി സതീശൻ
വെബ് ടീം
2 hours 45 Minutes Ago
1 min read
VD SATHEESHAN

കൊച്ചി: ഈ തെരഞ്ഞെടുപ്പില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തിയവർക്കുള്ള മറുപടിയാണ് പാലക്കാട്ടെ ഭൂരിപക്ഷമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമെ കേരളത്തില്‍ ബിജെപിയെ പിടിച്ചുകെട്ടാന്‍ കഴിയൂവെന്നുള്ള പ്രഖ്യാപനം കൂടിയാണ് പാലക്കാട്ടെ ഫലം. വയനാട്ടിലും പാലക്കാടും നല്ല വിജയവും ചേലക്കരയില്‍ നല്ല പ്രകടനവും നടത്താന്‍ കഴിഞ്ഞത് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും കൂട്ടായ ടീം വര്‍ക്കിന്റെ ഫലമായാണ്. ഈ വിജയം ആ ടീം വര്‍ക്കിന് സമര്‍പ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അന്നു രാത്രി തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍കൈ എടുത്ത കെ സി വേണുഗോപാലിന് പ്രത്യേകമായി നന്ദി പറയുന്നു. 

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം വൈകിച്ചത് സിപിഐഎം നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് കൂടി കിട്ടുന്നതിനു വേണ്ടിയാണ്. സിപിഐഎം നേതാക്കള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുമായാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നത്. എന്നിട്ടാണ് ഇരുട്ടി നേരം വെളുക്കുന്നതിന് മുന്‍പ് സിപിഐഎം നേതാക്കള്‍ മലക്കം മറിഞ്ഞത്. എന്തെല്ലാം വര്‍ഗീയ പ്രചരണമാണ് സിപിഐഎം നടത്തിയത്. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലാണ് രണ്ട് മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള രണ്ടു പത്രങ്ങളില്‍ സിപിഐഎം പരസ്യം നല്‍കിയത്. സംഘപരിവാര്‍ പോലും നാണിച്ചുപോകുന്ന വര്‍ഗീയ പ്രചരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പില്‍ നടത്തിയത്. 

പാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതില്‍ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ട്. ഈ നാടകങ്ങളുടെയെല്ലാം സ്‌ക്രിപ്റ്റ് മന്ത്രിയും അളിയനും ചേര്‍ന്ന് എഴുതിയതാണ്. അതുകൊണ്ടു തന്നെ പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കുന്നു. കൂടുതലായി ചേര്‍ത്ത പതിനയ്യായിരം വന്നിട്ടും എല്‍ഡിഎഫിന് വോട്ട് കൂടിയില്ല. യുഡിഎഫ് ഭൂരിപക്ഷത്തില്‍ എം വി ഗോവിന്ദന്റെ സംഭാവനയുമുണ്ട്. കള്ളപ്പണക്കേസില്‍ പ്രതിയാകേണ്ടതിന് പകരം സാക്ഷിയാക്കിയതിലും കോഴക്കേസില്‍ ഒഴിവാക്കിയതിലും സുരേന്ദ്രന് മുഖ്യമന്ത്രിയോട് നന്ദിയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം എന്നെ വിമര്‍ശിച്ചത്. എന്നിട്ടും ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നു തെളിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ നിരവധി ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. തൃക്കാക്കരയില്‍ പി ടി തോമസ് വിജയിച്ചതിന്‍റെ ഇരട്ടി ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മനും വിജയിച്ചു. പാലക്കാട് ഷാഫി പറമ്പില്‍ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിന് അടുത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി. 

ചേലക്കരയിലെ ഭൂരിപക്ഷത്തില്‍ 28,000 വേട്ടിന്റെ കുറവുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായ പൊതുമരാമത്ത് മന്ത്രി പറഞ്ഞത് പിണറായി വിജയന്‍ തിളങ്ങി നില്‍ക്കുന്നു എന്നാണ്. ഇത്രയും വലിയ തോല്‍വി ഉണ്ടായിട്ടും മുഖ്യമന്ത്രി എങ്ങനെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് സതീശൻ ചോദിച്ചു. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് സിപിഐഎം അവകാശപ്പെടുന്നത്. അങ്ങനെ തന്നെ വിശ്വസിച്ചാല്‍ മതി. കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് കിട്ടാതെ ബിജെപിയിലും സീറ്റ് അന്വേഷിച്ച് പോയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാനുള്ള അവകാശമാണ് സിപിഎം നഷ്ടപ്പെടുത്തിയത്. 

മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും ബിജെപിയെ ദുര്‍ബലപ്പെടുത്താനല്ല, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്തി ബിജെപിക്ക് വിജയം ഒരുക്കാനാണ് സിപിഎം പരിശ്രമിച്ചത്. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചാണ് മത്സരിച്ചത്. അതുകൊണ്ടു തന്നെയാണ് പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത്. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പതിനെണ്ണായിരം എന്ന ഭൂരിപക്ഷം ബിജെപിയുടെയും സിപിഐഎമ്മിന്റെയും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories