കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതക്കേസ് പരിഗണിക്കവേ സുപ്രീം കോടതി പരാമര്‍ശിച്ച മറ്റൊരു കേസുണ്ട്. രാജ്യത്തെ നടക്കിയ 1973ലെ അരുണ ഷാന്‍ബാഗ് കേസ്.
കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തില്‍ രാജ്യം കലുഷിതമാകുമ്പോള്‍ കര്‍ണ്ണാടകയിലെ ഹാല്‍ദിപൂര്‍ എന്ന കൊച്ചുഗ്രാമം നെടുവീര്‍പ്പെടുകയാണ്. 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1973... തൊഴിലിടത്തില്‍ നേരിടേണ്ടി വന്ന പീഡനം മൂലം ജീവിതം നശിച്ച ഒരു യുവതി ഉണ്ടായിരുന്നു. അരുണ ഷാന്‍ബാഗ്.
1967ലാണ് നിരവധി സ്വപ്‌നങ്ങളുമായി അരുണ കര്‍ണാകയില്‍ നിന്ന് മുംബയിലേക്ക് വണ്ടി കയറിയത്. കെഇഎം ആശുപത്രിയിലെ നഴ്‌സായിരുന്നു ആ 25കാരി. അതേ ആശുപത്രിയിലെ ഡോകറായിരുന്ന സുന്ദീപ് സര്‍ദേശായിയുമായി വിവാഹം ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു എല്ലാ പ്രതീക്ഷകളും തകര്‍ത്ത ആ കറുത്ത രാത്രി അവളെ തേടി എത്തിയത്.
1973 നവംബര്‍ 27ന് വാര്‍ഡ് അറ്റന്‍ഡറായ സോഹന്‍ലാല്‍ ഭര്‍ത്ത വാല്‍മീകി അതിക്രൂരമായി ആ യുവതിയെ ആക്രമിച്ചു. ലൈംഗിക പീഡനത്തിന് പുറമെ നായയെ കെട്ടുന്ന ചങ്ങലകൊണ്ട് കഴുത്തില്‍ മുറുക്കി മരണസമാനമാക്കുകയും ചെയ്തു. നിര്‍വചിക്കാനാകാത്ത ആക്രമണം എന്നായിരുന്നു ഇന്ന് പലരും അഭിപ്രായപ്പെട്ടത്. ജീവശവമായി അങ്ങനെ 42 വര്‍ഷം...
മാധ്യമ പ്രവര്‍ത്തകയായ പിങ്കി വിരാനി ദയാവധത്തിന് ഹര്‍ജി നല്‍കി. വേദന അനുഭവിക്കാതെ മരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അരുണയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്നും ചില മരുന്നുകളോട് അരുണ പ്രതികരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി 2011 മാര്‍ച്ച് 7-ന് ദയാവധത്തിനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പിന്നീടങ്ങോട്ട് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ 4 വര്‍ഷം.
2015 മെയ് 18ന് ന്യൂമോണിയ ബാധിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് അരുണ യാത്രയായി. മരണ ശേഷം പിങ്കി വിരാനി എഴുതിയ അരുണാസ് സ്‌റ്റോറി എന്ന വിഖ്യാത പുസ്തകത്തിലൂടെ പുതിയ തലമുറ അരുണ ഷാന്‍ബാഗിനെ അടുത്തറിഞ്ഞു. ആ 25 കാരിയെ പിച്ചിചീന്തിയ നരാധമന്‍ ലഭിച്ചത് കേവലം ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ മാത്രം.