തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലും, നാളെയും മറ്റന്നാളും രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെയും മറ്റന്നാളും യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലെല്ലാം ജാഗ്രത പുലർത്തണം.
ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.