കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും തിരുത്തൽ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദ്യം പറഞ്ഞു തുടങ്ങിയത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തതെന്നും ചൂണ്ടിക്കാട്ടി.
തൊട്ടുപിന്നാലെ കേരളത്തിൽ എൽഡിഎഫിനേറ്റ തിരിച്ചടിയെപ്പറ്റിയും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് വ്യക്തമാക്കി. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും തിരുത്തൽ വരുത്തുമെന്നും ഉറപ്പുനൽകി. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കുമെന്നും വ്യക്തമാക്കി.
തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നും എടുത്തുപറഞ്ഞു. ജനങ്ങളെ ചേർത്തു നിർത്തി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള തീരുമാനം
സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി ഒപ്പം നിന്ന ജനങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും രേഖപ്പെടുത്തി.