സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ വിതരണ-റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് തീരുമാനം അറിയിച്ചത്.
പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി 23 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു. പദ്ധതി പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കലിന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കും.
ഈ പൂര്‍ണ പെന്‍ഷന് യോഗ്യത നേടുന്നതിന്, ജീവനക്കാര്‍ കുറഞ്ഞത് 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയിരിക്കണം. ദേശീയ പെന്‍ഷന്‍ പദ്ധതിയും ഏകീകൃത പെന്‍ഷന്‍ പദ്ധതിയും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കും.
നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ എന്‍പിഎസ് വരിക്കാര്‍ക്കും പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കും. ഏകീകൃത പെന്‍ഷന്‍ പദ്ധതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കും.
ദേശീയ പെന്‍ഷന്‍ പദ്ധതിയേക്കാള്‍ ഏകീകൃത പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ മിക്ക കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രയോജനം ലഭിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി 2025 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.