ഭോപ്പാല്‍: ബേഠീ പഠാവോ, ബേഠീ ബച്ചാവോ എന്ന മുദ്രാവാക്യം ഹിന്ദിയില്‍ തെറ്റായി എഴുതി കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂര്‍. മധ്യപ്രദേശിലെ ഒരു പരിപാടിക്കിടെയാണ് മന്ത്രി തെറ്റായി എഴുതിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചക്ക് കാരണമായി. കേന്ദ്രമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെന്താണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്.
ജൂണ്‍ 18 ചൊവ്വാഴ്ച ധറിലെ ബ്രഹ്മകുണ്ടിയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് 'സ്‌കൂള്‍ ചലോ അഭിയാന്‍' പരിപാടി സംഘടിപ്പിച്ചത്. വനിതാ ശിശു വികസന സഹമന്ത്രിയായ സാവിത്രി ഠാക്കൂര്‍ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു.
ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവരും വലിയ വകുപ്പുകളുടെ ഉത്തരവാദിത്തമുള്ളവരും അവരുടെ മാതൃഭാഷയില്‍ പോലും കഴിവില്ലാത്തവരാണ് എന്നത് ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ മിശ്ര പറഞ്ഞത്. ഇങ്ങനെയുള്ളവര്‍ക്ക് എങ്ങനെ മന്ത്രിസ്ഥാനം വഹിക്കാന്‍ കഴിയും? തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
''ഒരു വശത്ത്, രാജ്യത്തെ പൗരന്മാര്‍ സാക്ഷരരാണെന്ന് അവകാശപ്പെടുമ്പോള്‍, മറുവശത്ത്, ഉത്തരവാദിത്തമുള്ള ആളുകള്‍ക്കിടയില്‍ സാക്ഷരത കുറവുള്ള അവസ്ഥയാണ്. അപ്പോള്‍ എന്താണ് സത്യം? ഇത് വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമാണ്, ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെട്ടതല്ലെന്നും കോണ്‍ഗ്രസ് എംപി ജിതു പട്വാരിയുടെ മാധ്യമ ഉപദേഷ്ടാവ് മിശ്ര പറഞ്ഞു.
അതേസമയം സാവിത്രി ആദിവാസി സ്ത്രീയായതുകൊണ്ടാണ് ഇത്തരത്തില്‍ കോണ്‍ഗ്രസ് ആക്രമിക്കുന്നതെന്നും ആദിവാസി സ്ത്രീയുടെ വളര്‍ച്ച അംഗീകരിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസുകാരെന്നുമാണ് ബിജെപിയുടെ പ്രതികരണം.